ചണ്ഡീഗഢ്: മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെയുള്ള ബിജെപിയുടെ പിടിവാശിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് ശിവ്‌രാജ് ചൗഹാൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്.
ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാർ അവരുടെ ശബ്‌ദവും അഭിപ്രായവും കേൾക്കാതിരിക്കുന്നതിലൂടെ സര്‍ക്കാരില്‍ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാവുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപി അപകടകരമായ ഫാസിസ്റ്റ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് അവരുടെ പതനത്തിവ് വഴിവെക്കുമെന്നും ബിജെപി ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അമരീന്ദര്‍ സിങ് ലുധിയാനയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ ഈ വിഭജനനിയമം പഞ്ചാബില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതിനെ താനും കോൺഗ്രസും എതിർക്കുന്നില്ല. എന്നാൽ മുസ്ലീങ്ങൾക്കെതിരായ പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനത്തെ പൂർണമായും എതിർക്കുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ആവർത്തിച്ചു. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും എൻഡിഎ സർക്കാർ സിഎഎയുടെ ഭരണഘടനാ വിരുദ്ധത അംഗീകരിക്കാൻ വിസമ്മതിക്കുകയാണെന്നും അമരീന്ദർ സിങ് ആരോപിച്ചു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനും മറ്റ് ബിജെപി നേതാക്കളെ പോലെ പൗരത്വ ഭേദഗതി നിയമത്തിന്‍റെ പ്രത്യാഘാതങ്ങളെപ്പറ്റി അറിയില്ലെന്ന് അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നില്‍ കോൺഗ്രസാണെന്ന ശിവ്‌രാജ് സിങ് ചൗഹാന്‍റെ വാദത്തെയും പഞ്ചാബ് മുഖ്യമന്ത്രി നിരസിച്ചു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഇന്ത്യയുടെ ഭരണഘടനയും പ്രത്യയശാസ്ത്രവും അടിസ്ഥാനമാക്കിയുള്ള മതേതര ധാർമികതയെ നശിപ്പിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.