ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. ജനങ്ങളുടെ വിവേകത്തില്‍ വിശ്വാസമുണ്ട്. വേണ്ട സമയത്ത് വേണ്ട പോലെ പ്രവര്‍ത്തിക്കാന്‍ അറിയാവുന്നവരാണ് ഇന്ത്യയിലെ വോട്ടര്‍മാരെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ജയ്‌പ്പൂരില്‍ നടന്ന സാഹിത്യ ഫെസ്‌റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ഭാഗം കേള്‍ക്കാന്‍ പോലും ബിജെപി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.
"പ്രതിഷേധക്കാരോട് സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. രാഷ്‌ട്രീയത്തിലെ ശത്രുക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നവര്‍, സ്വന്തം രാജ്യത്തെ ജനങ്ങളുമായി എന്തുകൊണ്ട് സംസാരിക്കുന്നില്ല". സച്ചിന്‍ പൈലറ്റ് ചോദിച്ചു. ഭരണം എന്നത് മതവുമായോ, ജാതിയുമായോ, ഭാഷയുമായോ ബന്ധപ്പെട്ട് കിടക്കുന്നതല്ല. നമുക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് വേണ്ടിക്കൂടിയാണ് അധികാരത്തിലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടത്. സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന മികച്ച നേതാക്കളെയാണ് രാജ്യത്തിന് വേണ്ടത്, അത് തിരിച്ചറിയാനുള്ള കഴിവ് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കുണ്ട്. അതാണ് ജാര്‍ഖണ്ഡില്‍ ബിജെപി തോറ്റത്. ഡല്‍ഹി തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 61 സീറ്റുകള്‍ നേടിയാണ് ആംആദ്‌മി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.