പട്‌ന: ബിഹാർ ബിജെപി അധ്യക്ഷൻ സഞ്‌ജയ് ജയ്‌സ്വാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും അമ്മക്കും രോഗം സ്ഥിരീകരിച്ചു. ബട്ടിയയിൽ ഹോം ക്വാറന്‍റൈനിലാണ് സഞ്‌ജയ് ജയ്‌സ്വാൾ. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരോടും ക്വാറന്‍റൈനിൽ പ്രവേശിക്കാനും പരിശോധനക്ക് വിധേയമാകാനും നിർദേശമുണ്ട്. സഞ്‌ജയ് ജയ്‌സ്വാളിന്‍റെ രോഗവിവരത്തെ കുറിച്ച് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ലെന്നും, അറിഞ്ഞാൽ ഉടൻതന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്നും ബട്ടിയ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബിഹാറിൽ ബിജെപി ജനറൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, മന്ത്രി ദിനേശ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജേഷ് വർമ, രാധ മോഹൻ ശർമ എന്നിവരുൾപ്പെടെയുള്ള 75 ബിജെപി നേതാക്കന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ലോക്ക് ഡൗൺ ഈ മാസം 31 വരെ തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മരുമകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഇതിനുമുമ്പ് ഗ്രാമീണ വകുപ്പ് മന്ത്രി ശൈലേഷ് കുമാറിനും പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി വിനോദ് കുമാർ സിംഗിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ബിഹാറിൽ 6,261 പേർ ചികിത്സയിൽ തുടരുന്നു. 174 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. 12,859 പേർ രോഗമുക്തി നേടി.