ന്യൂഡല്‍ഹി: പഞ്ചാബില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. എന്തുകൊണ്ടാണ് ഇരയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിക്കാത്തതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും പഞ്ചാബിലെയും സ്‌ത്രീകള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്ക് സമാനമായ പ്രതികരണം കാണുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വിജയ് സാംപലാ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചുവെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ആരും കുടുംബത്തെ ഇതുവരെ കണ്ടില്ലെന്നും പ്രകാശ് ജാവദേക്കര്‍ വിമര്‍ശിച്ചു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ വിമര്‍ശിക്കാനും ബിജെപി നേതാവ് മറന്നില്ല. സംസ്ഥാനത്തിന്‍റെ മകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ മിണ്ടാതിരിക്കുന്നവര്‍ക്കൊപ്പമാണ് തേജസ്വി യാദവ് പ്രചരണത്തിനിറങ്ങിയതെന്ന് പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച ബിഹാറിലെ ദലിത് കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ആറ് വയസുകാരിയാണ് പഞ്ചാബിലെ താന്‍ഡയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതികള്‍ മൃതദേഹം കത്തിക്കാന്‍ ശ്രമിക്കുകയും പാതി പൊള്ളലേറ്റ നിലയില്‍ ജലാല്‍പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ഗുര്‍പ്രീത് സിങിനെയും മുത്തശ്ശന്‍ സുര്‍ജീത് സിങിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.