ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ സുരക്ഷിതമായിരിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോകണമെങ്കിൽ ഒളിച്ചുകളിക്കാതെ ആകാശം വഴിയോ ഭൂമിയിലൂടെയോ ഇന്ത്യ അതിര്‍ത്തി കടക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി.
പാകിസ്ഥാൻ ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണെന്നും ഇന്ത്യയുമായി നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്ഥാന്‍റെ നീക്കമെന്നും ബിപിൻ റാവത്ത് ആരോപിച്ചു. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞതിനെ അദ്ദേഹം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിനെ പിന്തുണക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് ഉപയോഗിക്കാനുള്ളതല്ലെന്നും അത് പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ജനങ്ങളുടെ നന്മക്കാണെന്ന് അവിടെയുള്ള ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം നീക്കങ്ങള്‍ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.