പട്ന: വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ രഘോപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനുള്ള നാമനിർദേശം സമർപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. രണ്ട് ദിവസത്തിനുള്ളിൽ താൻ പ്രകടന പത്രിക സമർപ്പിക്കുമെന്നും തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ എംഎൽഎ ആയിരുന്ന ബിജെപിയുടെ സതീഷ് യാദവിനെതിരെയാണ് തേജസ്വി ബുധനാഴ്ച വൈശാലി ജില്ലയിലെ രഘോപൂർ സീറ്റിലേക്ക് നാമനിർദേശം സമർപ്പിച്ചത്.തങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ബിഹാറിലെ ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീഷ് യാദവ് തുടർച്ചയായ മൂന്നാം തവണയാണ് രഘോപൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുമ്പ് 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സതീഷ് യാദവ് മത്സരിച്ചിരുന്നു. ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് 243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.