പാറ്റ്‌ന: ദേശീയ തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായ നാലാം തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനാണ് നിതീഷ് കുമാറിന്‍റെ ശ്രമം. ജെഡിയു - ബിജെപി സഖ്യം ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് കോണ്‍ഗ്രസിനെയും, ഇടതുപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് ആര്‍ജെഡി മഹാസഖ്യം രൂപീകരിച്ചിട്ടുണ്ട്. ബിഎസ്‌പിയുടെ നേതൃത്വത്തില്‍ മൂന്നാം കക്ഷിയും മത്സരത്തിനുണ്ട്.
നക്‌സല്‍ ബാധിത മേഖലയായ ഗയ, രോഹ്‌താസ്, ഔറംഗാബാദ് എന്നിങ്ങനെ 6 ജില്ലകളിലായി 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 1066 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഇതില്‍ 114 പേര്‍ സ്‌ത്രീകളാണ്. ആദ്യഘട്ടത്തില്‍ ആര്‍ജെഡി 42 , ജെഡിയു 41, ബിജെപി 29, കോണ്‍ഗ്രസ് 21, എല്‍ജെപി 41 എന്നിങ്ങനെ സീറ്റുകളിലേക്കാണ് മല്‍സരിക്കുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാരിലെ മന്ത്രിമാരായ പ്രേം കുമാര്‍, ജയ്‌കുമാര്‍ സിങ്, സന്തോഷ് കുമാര്‍ നിരാല, വിജയ് സിന്‍ഹ, രാം നാരായണ്‍ മണ്ഡല്‍ എന്നിവരും ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നുണ്ട്.