പട്‌ന: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കരുതെന്ന പ്രമേയം ബിഹാർ നിയമസഭ പാസാക്കി. സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. അതും 2010ല്‍ ചെയ്തതിന് സമാനമായ രീതിയില്‍ മാത്രമേ എന്‍പിആറിന് വേണ്ടി വിവരശേഖരണം നടത്തുകയുള്ളൂ.
പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി പാര്‍ലമെന്‍റില്‍ ജെഡിയു വോട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലും സംസ്ഥാനത്തും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൗരത്വ നിയമം നടപ്പിലാക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്‍പിആര്‍ ഫോമില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന കോളങ്ങള്‍ നീക്കം ചെയ്യാന്‍ നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ജന്മസ്ഥലം, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യമില്ലാത്തതാണെന്നും അത് ഒഴിവാക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.