ബെംഗളുരു: ജോലിക്കായി ജാർഖണ്ഡിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ രണ്ട് ആദിവാസി സ്ത്രീകളെ മൈഗ്രന്‍റ് വർക്കേഴ്സ് ഹെൽപ്പ് ലൈനായ കർണാടക ജനശക്തിയുടെയും സ്ട്രാൻഡഡ് വർക്കേഴ്സ് ആക്ഷൻ നെറ്റ്‌വർക്കിന്‍റെയും (സ്വാൻ) സഹായത്തോടെ രക്ഷപ്പെടുത്തി. 2019 ലാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ജാർഖണ്ഡിലെ ഡുംകയിൽ നിന്നുള്ള മറ്റൊരു അതിഥി തൊഴിലാളിയായ നിക്കോളാസ് മർമു ആദിവാസി സ്ത്രീകളുടെ അവസ്ഥയെ പറ്റി മറ്റുള്ളവരെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
ജാർഖണ്ഡിൽ നിന്ന് ഡൽഹി വഴിയാണ് സ്ത്രീകളെ ബെംഗളൂരുവിലേക്ക് കടത്തിയത്. കുംഭൽഗോഡുവിലെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇവർക്ക് പ്രതിമാസം 9,000 രൂപയും 7,000 രൂപയും ശമ്പളം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആഴ്ചയിൽ 200 രൂപ മാത്രമാണ് നൽകിയത്. ജനുവരിയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരാറുകാരൻ തിരികെ ഫാക്ടറിയിലേക്ക് കൊണ്ടുവന്നു. സ്ത്രീകളില്‍ ഒരാളെ സൂപ്പർവൈസറും മറ്റൊരു ജോലിക്കാരനും ചേർന്ന് ബലാത്സംഗം ചെയ്തതായും റിപ്പോർട്ടുണ്ട്. കുംഭൽഗോഡു, കെംഗേരി പൊലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെല്ലാം അറസ്റ്റിലായി.