ഗാന്ധിനഗർ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി തയ്യാറാക്കിയ രൂപകൽപ്പനയിൽ മാറ്റം വരുത്തി. പുതിയ രൂപകൽപ്പനയിൽ ക്ഷേത്രത്തിന് 161 അടി ഉയരവും, രണ്ട് മണ്ഡപങ്ങളും കൂടി ചേർത്തു. 1988 ൽ തയ്യാറാക്കിയ രൂപകൽപ്പനയിലാണ് ചെറിയ മാറ്റങ്ങൾ വരുത്തിയതെന്ന് വാസ്‌തുശിൽപി നിഖിൽ സോംപുര പറഞ്ഞു. കാലം മാറുന്നതിനനുരിച്ച് ഭക്തരുടെ എണ്ണം വർധിക്കും അതിനാലാണ് ക്ഷേത്രത്തിന്‍റെ വലിപ്പം കൂട്ടേണ്ടിവന്നത്. 141 അടിയിൽ നിന്നാണ് ക്ഷേത്രത്തിന്‍റെ ഉയരം 161 അടിയായി ഉയർത്തിയത്. മുമ്പത്തെ രൂപകൽപ്പനയനുസരിച്ച് തയ്യാറാക്കിയ തൂണുകളും കല്ലുകളും തന്നെയാണ് ഉപയോഗിക്കുന്നതെന്നും രണ്ട് മണ്ഡപങ്ങൾ കൂടി മാത്രമേ ചേർത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം രൂപകൽപ്പന ചെയ്‌തത് തനിക്കും കുടുംബത്തിനും ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും അതിൽ അഭിമാനമുണ്ടെന്നും നിഖിൽ സോംപുര പറഞ്ഞു. മൂന്നര വർഷം കൊണ്ട് ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഭൂമി പൂജ ചെയ്‌തുകഴിഞ്ഞാൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. നിർമാണ യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളുമായി എൽ ആന്‍റ് ടി സംഘം സ്ഥലത്തെത്തിക്കഴിഞ്ഞു, അടിത്തറയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്താൻ ശ്രീ രാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഓഗസ്റ്റിൽ രണ്ട് തീയതികൾ നിർദേശിച്ചു. ക്ഷേത്രത്തിന് തറക്കല്ലിടാൻ ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്.