ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ പീഡനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ സ്വയം തീകൊളുത്തി . പണം ആവശ്യപ്പെട്ട് പൊലീസുകാരന്‍ നിരന്തരം ശല്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് ഇയാള്‍ നടുറോഡില്‍ സ്വയം തീകൊളുത്തിയത്. പ്രതിയായ സബ് ഇന്‍സ്‌പെക്‌ടര്‍ രാജ് ദേവിനെ പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്‌തു
ഓട്ടോ ഡ്രൈവര്‍ അശ്വിനി ലോദിയാണ് ഇന്നലെ വൈകുന്നേരം 3.30തിന് ഡി.പി നഗറിലെ മലിയാന മേല്‍പ്പാലത്തിന് സമീപം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. കെ.എം.സി ആശുപത്രിയില്‍ ചികില്‍സയിലാണ് അശ്വിനി ലോദി. വിദഗ്‌ധ ചികില്‍സയ്‌ക്കായി അശ്വിനി ലോദിയെ സഫ്‌ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് സുപ്രണ്ട് അഖിലേഷ് നാരായണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ രാജ് ദേവ് പുനിയ കുറ്റം ചെയ്‌തതായി തെളിഞ്ഞതായി പൊലീസ് സുപ്രണ്ട് പറഞ്ഞു. പണം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി ഓട്ടോ ഡ്രൈവറുടെ കുടുംബാംഗങ്ങളും ആരോപിക്കുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്.