ദിസ്‌പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. വെള്ളപ്പൊക്കം 6.02 ലക്ഷം പേരെ ബാധിക്കുകയും രണ്ട് പേരുടെ ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. സംസ്ഥാനത്തെ 20 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. മരിച്ചവരിൽ ഒരാൾ കൊക്രാജർ സ്വദേശിയും മറ്റൊരാൾ ദുബ്രി സ്വദേശിയുമാണ്. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. ധേമാജി, ലഖിംപൂർ, ചരൈദിയോ, ബിശ്വനാഥ്, ഉദൽഗുരി, ബക്‌സ, നൽബാരി, ബാർപേട്ട, ചിരംഗ്, ബൊംഗൈഗാവ്, കൊക്രാജർ, ഗോൾപാറ, മോറിഗാവ്, നാഗോൺ, ഗോലഘട്ട്, ടിൻസുകിയ എന്നിവിടങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
ധേമാജി, ബാർപേട്ട, ലഖിംപൂർ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. അസമിലുടനീളം 1,109 ഗ്രാമങ്ങളും 46,082 ഹെക്‌ടർ കൃഷിയിടവും വെള്ളപ്പൊക്കത്തിൽ മുങ്ങി. 11 ജില്ലകളിലായി 92 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ജില്ലാ അധികൃതർ സ്ഥാപിച്ചു. 8,474 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ബ്രഹ്മപുത്രയിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നതോടെ ദിബ്രുഗഡ്, ജോർഹത്ത്, തേജ്‌പൂർ, സോണിത്പൂർ എന്നിവിടങ്ങൾ ഭീഷണിയിലാണ്. ലഖിംപൂർ, ബിശ്വനാഥ്, ധേമാജി ജില്ലകളിലെ റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർന്നു. കാസിരംഗ ദേശീയോദ്യാനത്തിലെ 223 ൽ 46 ക്യാമ്പുകളും പോബിറ്റോറ വന്യജീവി സങ്കേതത്തിലെ 25ൽ 12 ക്യാമ്പുകളും രാജീവ് ഗാന്ധി ഒറാങ്ങ് ദേശീയ പാർക്കിലെ 40 ൽ ആറ് ക്യാമ്പുകളും വെള്ളത്തിൽ മുങ്ങി.