ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലോഹിത് സ്വദേശിയായ 31 വയസുകാരനാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. അരുണാചല്‍ പ്രദേശിലെ ആദ്യ കൊവിഡ് കേസാണിത്. അസം റിജീയണല്‍ മെഡിക്കല്‍ റിസര്‍ച്ചിലയച്ച പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പി പ്രതിഭന്‍ അറിയിച്ചു. ഇയാളെ ടെസു സോണല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുടുംബാഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നിസാമുദീനില്‍ നിന്നും മാര്‍ച്ച് 16ന് തിരിച്ചെത്തിയ ഇയാള്‍ മാര്‍ച്ച് 24 വരെ ഹോം ക്വാറന്‍റയിനിലായിരുന്നു. 16 ദിവസം വരെ കൊവിഡിന്‍റെ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ല. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് സുപ്രണ്ട് എസ്.പി വാങ്‌ഡി തുങ്കോന്‍ പറഞ്ഞു. ഇതുവരെ 58 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ബുധനാഴ്‌ച വരെ പുറത്തുവന്ന 38 ഫലങ്ങളും നെഗറ്റീവായിരുന്നു.