ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ഒരിക്കലും പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ വക്താവുമായ ഷാനവാസ് ഹുസൈൻ. കഴിഞ്ഞ വർഷം ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ ജമ്മു കശ്മീരിലെ അന്തരീക്ഷം മാറിയിട്ടുണ്ടെന്നും സുരക്ഷ ഉയർന്നെന്നും ശ്രീനഗറിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹുസൈൻ പറഞ്ഞു. കശ്മീരിലെ ജനങ്ങളെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണ്. ജമ്മു കശ്മീർ നരകമാക്കി മാറ്റിയ പാർട്ടികളുടെ സംയോജനമാണ് ഗുപ്കർ ഗാങ്ങെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീർ വികസനത്തിന് സാക്ഷ്യം വഹിക്കും. ജമ്മു കശ്മീരിലെ മുൻ സർക്കാരുകൾ പ്രത്യേകിച്ചും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു. ജനങ്ങളുടെ പ്രശ്നങ്ങൾ അവർ ഒരിക്കലും അഭിസംബോധന ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുകയും ജമ്മു കശ്മീരിലെ രക്തത്തിൽ കപട രാഷ്ട്രീയം കലർത്തുകയുമാണ് പിഡിപി ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരിൽ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം സ്ഥാനങ്ങളുണ്ടെന്നും ടൂറിസം വികസനം നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കശ്മീരിൽ താമര വിരിയിക്കാണ് ഞാൻ ഡിഡിസി തെരഞ്ഞെടുപ്പിൽ ഇവിടെയെത്തിയത്. വികസനത്തിന്‍റെ ചുവട് പിടിച്ച് ഞങ്ങൾ വോട്ട് തേടുമെന്നും കശ്മീരിലെ പല ഭാഗങ്ങളിലും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു.