ശ്രീനഗർ: ജമ്മു കശ്‌മീരിലെ റാംബാൻ ജില്ലയിൽ 350 കുടുംബങ്ങൾക്ക് കരസേന റേഷനും മെഡിക്കൽ കിറ്റുകളും വിതരണം ചെയ്‌തു. വിദൂരമായ, മഞ്ഞുവീഴ്ചയുമുള്ള പർവത പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് കരസേന സേവനങ്ങൾ ഉറപ്പു വരുത്തിയത്. സുംബർ പഞ്ചായത്തിൽ നാടോടി സമുദായങ്ങൾക്കായി മെഡിക്കൽ, വെറ്റിനറി ക്യാമ്പുകളും നടത്തിയെന്നും പ്രതിരോധ വക്താവ് പറഞ്ഞു.
സുംബാർ, ദാഗ്നാരി, ബഞ്ച്, ബജോൺ, മാൽപട്ടി എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് റേഷൻ, മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്‌തത്. ദൈന്യംദിന ഉപയോഗത്തിനുള്ള സാധനങ്ങളാണ് കിറ്റിലുള്ളതെന്ന് കരസേന വക്താവ് പറഞ്ഞു. റോഡ് കണക്റ്റിവിറ്റിയുടെ അഭാവം പ്രദേശത്തെ കൊവിഡ് സാഹചര്യത്തെ മോശമാക്കി. അതിനാലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രാദേശിക ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.