ദിഷ്പൂര്‍: പൗരത്വ ഭേദഗതി ബില്‍ പാസായ പശ്ചാത്തലത്തില്‍ അസമില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ബില്ലിന്‍റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നഷ്ടമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കിയതാണ്. പ്രതിഷേധം ശക്തമായതോടെ ഗുവാഹത്തി അടക്കമുള്ള സ്ഥലങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലഖിംപൂർ, ടിൻസുകിയ, ധേമാജി, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രൂപ്പ് എന്നീ പത്ത് ജില്ലകളിൽ ഇന്നലെ വൈകീട്ട് ഏഴ് മുതൽ 24 മണിക്കൂർ വരെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭരണകൂടം നിർത്തിവച്ചിട്ടുണ്ട്. അഞ്ച് യൂണിറ്റ് അസം കരസേനയേയും മുന്നു യൂണിറ്റ് അസം റൈഫിള്‍സിനേയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.