ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദരിയഗഞ്ചിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്‌തു. കലാപം നടത്തി സമാധാനം തകർത്തുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. പൊലീസ് ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദും പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ ചന്ദ്രശേഖർ ആസാദ് എവിടെയാണെന്ന് പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ പ്രതിഷേധക്കാർ ഡിസിപി ഓഫീസിന് പുറത്ത് ഒരു വാഹനം കത്തിക്കുകയും മറ്റ് നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട 40 പേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തടവുകാരെ പൊലീസ് സ്റ്റേഷനിലാണ് പാർപ്പിച്ചത്. കോടതി നിർദ്ദേശ പ്രകാരം ഇവരെ മണിക്കൂറുകളോളം ആരെയും കാണാൻ അനുവദിച്ചില്ല. തടവുകാർക്ക് ആവശ്യമായ വൈദ്യചികിത്സ നൽകണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.