ഗുവഹാത്തി: മോശം കാലാവസ്ഥയെത്തുടര്‍ന്ന് വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്നുവീണ സ്ഥലത്ത് കുടുങ്ങിപ്പോയ തിരച്ചില്‍ സംഘത്തെ വ്യോമസേന ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും പോയ സംഘമാണ് ഇന്ത്യ - ചൈന അതിര്‍ത്തിയിലെ മലനിരകളില്‍ കുടുങ്ങിയത്.
ജൂണ്‍ 12 മുതല്‍ സംഭവ സ്ഥലത്ത് കുടുങ്ങിക്കിടന്ന സംഘത്തെ ശനിയാഴ്ച വൈകീട്ടോടെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് എല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. തിരച്ചിൽ സംഘത്തിലെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.