ന്യൂഡല്‍ഹി: വാഴ്‌സിറ്റി അഡ്‌മിനിസ്ട്രേഷന്‍റെ മുന്നറിയിപ്പുകളെ അവഗണിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടര്‍ന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍. ഹൈക്കോടതിയുടെ ഉത്തരവുകൾ പാലിക്കാനും എഎംയുവിന്‍റെ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ പ്രധാന ഗേറ്റിലോ ബ്ലോക്കിന്‍റെ 100 മീറ്റർ ചുറ്റളവിലോ ക്യാമ്പസിനുള്ളിലെ വിസിയുടെ ലോഡ്‌ജിലോ യോഗം വിളിച്ചുചേർക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ധർണ, പ്രകടനം അല്ലെങ്കിൽ റാലിയിൽ ചേരുകയോ ചെയ്യരുതെന്നും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. വാഴ്‌സിറ്റി ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ വകവയ്ക്കാതെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് സ്റ്റുഡന്‍റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്‍റ് ഫൈസുൽ ഹസ്സൻ പറഞ്ഞു.
അതേസമയം, ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥികളോടും അധ്യാപകരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി നൂറുകണക്കിന് വിദ്യാർഥികൾ ആർട്‌സ് ഫാക്കൽറ്റിയിൽ നിന്ന് ബാബ്-ഇ-സയ്യിദ് ഗേറ്റിലേക്ക് മനുഷ്യ ചങ്ങല രൂപീകരിച്ചു. ആക്രമണത്തിൽ ഡല്‍ഹി പൊലീസിന്‍റെയും ജെഎൻയു ഭരണകൂടത്തിന്‍റെയും പങ്ക് അന്വേഷിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി ജെഎൻയു വിദ്യാർഥികൾക്കെതിരെ സമർപ്പിച്ച എഫ്‌ഐആർ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹൈദർ സൈഫുള്ളയുടെ നേതൃത്വത്തിൽ വിപ്ലവഗാനങ്ങളും കവിതകളും ആലപിച്ചു. എഎംയു ഗാനവും ('താരാന') ഇന്ത്യയുടെ ദേശീയഗാനവും തുടർച്ചയായി ചൊല്ലിക്കൊണ്ടാണ് പ്രതിഷേധം സമാപിച്ചത്.