കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കലാപങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ അതീവ ജാഗ്രത നിർദേശം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും അസിസ്റ്റന്‍റ് കമ്മീഷണർമാരോടും ഓഫീസർമാരോടും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊൽക്കത്തയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യഥാക്രമം പട്രോളിങ് നടത്താനും സാമുദായിക നേതാക്കളുമായി കൃത്യമായി സമ്പർക്കം പുലർത്താനും പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും നടപടിയെടുക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്ന സാധ്യത മേഖലകളിൽ കർശന ജാഗ്രത പാലിക്കാൻ ബംഗാൾ പൊലീസിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പൗരത്വ നിയമത്തിനെതിരെ ഡിസംബർ 13 മുതൽ 17 വരെ പശ്ചിമ ബംഗാളിലും സമാനമായ സംഘർഷങ്ങൾ ഉണ്ടായിട്ടുള്ളതിനാലാണ് നടപടി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിൽ മരണം പത്തായി. 145 പേർക്ക് പരിക്കേറ്റു.