ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാകുന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അടങ്ങുന്ന ബെഞ്ചാണ് ആശങ്ക പ്രകടിപ്പിച്ചത്. രാജ്യത്തെ കൊവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പൊതു താല്‍പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആംബുലന്‍സ് സേവനങ്ങള്‍ക്ക് അമിത തുക ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി കോടതി പറഞ്ഞു. കൊവിഡ് രോഗികള്‍ക്കുള്ള ആംബുലന്‍സുകള്‍ക്ക് മിതമായ നിരക്ക് നിശ്ചയിക്കാന്‍ കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.
കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്‌ഒപി) പുറത്തിറക്കിയതായി കോടതിയെ അറിയിച്ചു.
മഹാമാരിയുടെ കാലത്ത് കേന്ദ്രം പുറത്തിറക്കിയ എസ്‌ഒപി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ആവശ്യത്തിന് ആംബുലന്‍സുകള്‍ ലഭ്യമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു.