ഭോപ്പാല്‍: രാമക്ഷേത്ര നിർമാണത്തിൽ പങ്കെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും അയോധ്യയിലേക്ക് ക്ഷണിച്ച് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ക്ഷണിച്ചിട്ടുണ്ടെന്നും മതത്തിലും ആരാധനയിലും താല്‍പര്യമുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും മഹാക്ഷേത്ര നിർമാണത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്നും രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് പ്രസിഡന്‍റ് മഹന്ത് നൃത്യ ഗോപാൽ ദാസ് മഹാരാജ് പറഞ്ഞു. ക്ഷേത്ര നിർമാണത്തിനായി സർക്കാരിൽ നിന്നുള്ള യാതൊരുവിധ ആനുകൂല്യങ്ങളും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളിൽ നിന്നാണ് ക്ഷേത്രം നിർമിക്കുക. സർക്കാരിന് പരിഹരിക്കാൻ നിരവധി പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ക്ഷേത്ര നിര്‍മാണത്തിന്‍റെ പേരില്‍ ഞങ്ങൾ കൂടുതൽ ഭാരം സര്‍ക്കാരിന് മേല്‍ ചുമത്തില്ലെന്നും മഹന്ത് നൃത്യ ഗോപാൽ ദാസ് മഹാരാജ് പറഞ്ഞു. ഫെബ്രുവരി 20ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗങ്ങളും വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഗോപാൽ ദാസ് മഹാരാജ്, വിഎച്ച്പി നേതാവ് ചമ്പത് റായ്, കെ.പരസരൻ, സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് തുടങ്ങിവര്‍ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. അയോധ്യയിൽ രാമക്ഷേത്ര നിർമാണം എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിക്കുകയും ചെയ്‌തു.