ലക്നൗ: ഉത്തര്‍ പ്രദേശില്‍ വീണ്ടും സൈക്കിള്‍ യാത്ര നടത്താനൊരുങ്ങി സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുപിക്ക് സമ്മാനിച്ചിട്ടുള്ള കെട്ടിടങ്ങള്‍ സന്ദര്‍ശിക്കുക, തന്‍റെ ഭരണകാലത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ നിലവിലെ അവസ്ഥ മനസിലാക്കുക, യാത്രക്കിടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കര്‍ഷകരുമായി സംവദിക്കുക എന്നിവയാണ് ഇത്തവണ സൈക്കിള്‍ യാത്രകൊണ്ട് അഖിലേഷ് യാദവ് ലക്ഷ്യമിടുന്നത്.
സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നവും സൈക്കിളാണ്. സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളിലും കടന്നുചെന്ന് മോദി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. 2012-ല്‍ അധികാരത്തിലെത്തിയതിന് ശേഷവും അഖിലേഷ് 10,000 കിലോമീറ്റര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പും അഖിലേഷിന് മുന്നിലുണ്ട്. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലക്നൗവില്‍ അദ്ദേഹം സൈക്കിള്‍ റാലി നടത്തിയിരുന്നു.