ഗുവാഹത്തി: നാളെയാണ് അസമും രാജ്യവും കാത്തിരിക്കുന്ന ആ ദിവസം. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന ഓഗസ്റ്റ് 31. പട്ടികയിലിടം നേടാത്തവര്‍ സുപ്രീം കോടതി അനുശാസിക്കുന്ന നിയമ നടപടി സ്വീകരിക്കേണ്ടിവരും. നിലവില്‍ വര്‍ഷങ്ങളായി കുടിയേറി ഇവിടെ ജീവിക്കുന്നവര്‍ പൗരത്വം നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. അതിനാല്‍ അസമിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ണായകമായ ദിവസമാണ് ഓഗസ്റ്റ് 31. ഒരേസമയം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായമുള്ളതിനാല്‍ അന്തിമപട്ടികയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് രാജ്യം. രാജ്യത്ത് എന്‍ആര്‍സിയുള്ള ഏക സംസ്ഥാനം അസമാണെന്നിരിക്കെ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ അനധികൃതമായി വോട്ട് ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. പട്ടിക പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദമുഖങ്ങളിലൂടെ:
ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയൻ മുഖ്യ ഉപദേഷ്ടാവ് സംജുല്‍ ഭട്ടാചാര്യ : സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിലുള്ള യൂണിയന്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അസമിലെ ജനങ്ങളോടുള്ള ക്രൂരതയാണ് ഈ അന്തിമ പട്ടിക. ഒട്ടും തൃപ്‌തികരമല്ല.
ഹിന്ദു യുവചത്ര പരിഷത്ത്: അസമിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള വര്‍ഷം 1951ആയിത്തന്നെ നിജപ്പെടുത്തണം. ഇല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.പട്ടിക പ്രസിദ്ധീകരിക്കാൻ കാത്തിരിക്കുന്നു.
ഓള്‍ അസം മൈനോരിറ്റീസ് സ്റ്റുഡന്‍സ് യൂണിയൻ: ഏതെങ്കിലും പൗരന് പൗരത്വം നിഷേധിക്കപ്പെട്ടാല്‍ ശക്തമായ സമരമുറകളുമായി രംഗത്തുവരും.
കൃഷക് മുക്തി സംഗ്രാം സമതി ഉപദേഷ്ടാവ് അഖില്‍ ഗൊഗൊയി: ദേശീയ പൗരത്വ രജിസ്റ്റര്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നത് ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്നാണ്.
അസം ബി.ജെ.പി അധ്യക്ഷൻ രഞ്ജിത് കുമാര്‍ ദാസ് : അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത എല്ലാ ഇന്ത്യൻ പൗരന്മാർക്കുമൊപ്പം ബി.ജെ.പിയുണ്ട്. "ഇത് ദേശസ്‌നേഹത്തിന്റെ ചോദ്യമാണ്. ഓരോ ഇന്ത്യൻ പൗരനെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമല്ല പൗരത്വ രജിസ്റ്ററിന് പിന്നില്‍. ഓരോ ഇന്ത്യക്കാരെയും അവരുടെ ജാതി, മതം, ഭാഷ എന്നിവ പരിഗണിക്കാതെ ഞങ്ങൾ പിന്തുണയ്ക്കുന്നു," അദ്ദേഹം പറഞ്ഞു. എന്നാല്‍ 97ശതമാനം അനധികൃത കുടിയേറ്റക്കാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നും അതാരും ശ്രദ്ധിച്ചിട്ടില്ലെന്നും ബി.ജെ.പി എം.എല്‍.എ ശിലാദിത്യ ദേവ് ആരോപിച്ചു.
അസം ഗാന പരിഷത്ത്: ഇതുവരെ നടന്ന ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ നടപടിക്രമങ്ങള്‍ തൃപ്തികരമാണ്. സുപ്രീം കോടതിയുടെ വിധിയില്‍ വിശ്വസിക്കുന്നു. പൗരത്വ രജിസ്റ്ററിലൂടെ അസമിന് അര്‍ഹിക്കുന്ന ഫലം തന്നെ കിട്ടും.
ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രോണ്ട് എം.എല്‍.എ അമിനുള്‍ ഇസ്ലാം : എന്‍.ആര്‍.സി.യുടെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. എൻ.ആര്‍.സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി: അസമിലെ സാധാരണ ജനങ്ങള്‍ പൗരത്വ രജിസ്റ്ററിന്‍റെ വരവോടെ ആശങ്കയിലാണ്. യഥാര്‍ത്ഥ മാര്‍ഗങ്ങളിലൂടെ അല്ലാതെ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചാല്‍ സംസ്ഥാനത്തിന്‍റെ ക്രമസമാധാനത്തെ ബാധിക്കും.
അഡ്വക്കേറ്റും ആക്ടിവിസ്റ്റുമായ ഉപമന്യു ഹസാരിക :അസമിലെ സാധാരണ ജനങ്ങളെ പരിഗണിക്കാതെ അനധികൃത കുടിയേറ്റക്കാരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അന്തിമ പട്ടികയിൽ പേര് വെളിപ്പെടുത്താത്തവർക്ക് അധിക സമയം നൽകുന്നതിൽ അർത്ഥമില്ല. ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കേറെയുള്ള സംസ്ഥാനമാണ് അസം. അതിനാല്‍ ആദ്യമായി പൗരത്വ പട്ടിക ഇവിടെ പ്രസിദ്ധീകരിച്ചതും 1951 ല്‍ ആണ്. 1951 ലെ ജനസംഖ്യ കണക്കെടുപ്പിന് പിന്നാലെയാണ് അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത്. നിലവില്‍ അസമിനൊപ്പം രാജ്യവും നാളത്തെ അന്തിമ പട്ടികയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.