ലക്‌നൗ: സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം വൈകിയതിനെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രമോദ് കുമാര്‍ ഉപാധ്യായയെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റി യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. മഹേന്ദ്ര ബഹദൂര്‍ സിങിനെ പുതിയ മജിസ്‌ട്രേറ്റായി നിയമിക്കുകയും ചെയ്‌തു. സംഭവത്തില്‍ മെയിൻപുരി പൊലീസ് സൂപ്രണ്ടിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ പതിനാറിനാണ് 11-ാം ക്ലാസ് വിദ്യാർഥിനിയെ മെയിന്‍പുരിയിലെ ഭോഗോൺ പ്രദേശത്തെ സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്താനായി മൂന്നംഗ അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്‌തിരുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെയും ഒരു സ്‌കൂള്‍ ജീവനക്കാരന്‍റെയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതെന്നും മരണത്തില്‍ രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്ര പാണ്ഡെ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു.