റായ്‌പൂർ: ലോകം മുഴുവൻ കൊവിഡ് വൈറസിനെ നേരിടുന്നതിനിടെ മാതൃകയായി ഛത്തീസ്‌ഗഡിലെ ആദിവാസി സമൂഹം. വൈറസിന് എതിരെയുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി സാല്‍ മരങ്ങളുടെ ഇലകളില്‍ നിന്ന് മാസ്ക് നിർമിച്ചാണ് ഇവർ വ്യത്യസ്തരാകുന്നത്. അണുബാധ ഉണ്ടാകുന്നത് തടയുന്നതിന് സഹായിക്കുന്ന വിധമുള്ള നാട്ടുത്‌പന്നമാണ് ഇവർ നിർമിക്കുന്നത്.
അമാബെഡ പ്രദേശത്തെ ഭാരിറ്റോള ഗ്രാമത്തിലെ ആദിവാസികളാണ് പ്രകൃതിദത്തമായ രീതിയില്‍ കൊവിഡ് വൈറസില്‍ നിന്ന് രക്ഷ നേടാനുള്ള മാസ്കുകൾ നിർമിച്ചത്. അമാബെഡ പ്രദേശത്ത് മാസ്കുകൾ ലഭ്യമല്ലെന്നും ഇത് വാങ്ങാൻ കാങ്കർ നഗരത്തിലേക്ക് പോകാൻ സൗകര്യങ്ങളില്ലാത്തതിനാല്‍ ഞങ്ങൾ സ്വയം മാസ്‌കുകൾ നിർമിക്കുകയായിരുന്നുവെന്നും ആദിവാസികൾ പറഞ്ഞു. നക്‌സല്‍ ബാധിത പ്രദേശത്ത് കഴിയുന്ന ഇവരുടെ സുരക്ഷയ്ക്കായി അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇവർ സ്വയം മാസ്‌കുകൾ നിർമിച്ചത്.
മാസ്‌കുകൾ നിർമിക്കുന്നത് കൂടാതെ വൈറസ് ബാധ തടയാൻ കൈ കഴുകുന്നതിനും പരസ്‌പരം അകലം പാലിക്കുന്നതിനും ഇവർ പ്രദേശവാസികൾക്കിടയില്‍ ബോധവത്‌കരണം നടത്തുന്നുണ്ട്.