ന്യൂഡല്‍ഹി: ഷഹീൻ ബാഗ് വിഷയത്തില്‍ ബിജെപിയെ നേരിടാൻ ആംആദ്‌മി പാർട്ടിക്കാവില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ബിജെപിയിൽ ചേർന്ന നിരവധി ആം ആദ്മി നേതാക്കളെയും കേന്ദ്രമന്ത്രി സ്വാഗതം ചെയ്തു. ആം ആദ്‌മി പാർട്ടിയുടെ രോഹിണി വിധിസഭാ പ്രസിഡന്‍റ് ജയ് കുമാർ ബൻസൽ മുനിസിപ്പൽ കൗൺസിലർ നരേല സന്ദീപ് ഷെറാവത്ത്, നോർത്ത് വെസ്റ്റ് ഡല്‍ഹിയിൽ നിന്നുള്ള ഗ്രാമീൺ മോർച്ച പ്രസിഡന്‍റ് അനിൽ ഷെറാവത്ത് വിവിധ ബ്ലോക്കുകളുടെ പ്രസിഡന്‍റുമാർ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
റോഡുകൾ, കമ്മ്യൂണിറ്റി സെന്‍ററുകൾ, ടോയ്‌ലറ്റുകൾ, സ്കൂളുകൾ, ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തെക്കുറിച്ച് ഡല്‍ഹി നിവാസികൾക്ക് ആംആദ്‌മി പാർട്ടി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനാലാണ് ബിജെപിയിൽ ചേരാൻ നേതാക്കൾ തീരുമാനിച്ചതെന്നും താക്കൂർ പറഞ്ഞു. ഇന്ത്യ ഭിന്നിക്കുന്നത് കാണാനാണ് ആം ആദ്‌മി ആഗ്രഹിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.