ഉന്നാവോ: ജനുവരി മുതല്‍ ഡിസംബര്‍ വരെ ഉന്നാവോയില്‍ രജിസ്റ്റര്‍ ചെയ്തത് 86 പീഡന കേസുകളാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ പീഡന തലസ്ഥാനമായി മാറുകയാണ് ഉന്നാവോ. ലക്‌നൗവില്‍ നിന്നും 63 കിലോമീറ്ററും കാണ്‍പൂരില്‍ നിന്നും 25 കിലോമീറ്ററും മാത്രമാണ് ഉന്നാവിലേക്കുള്ള ദുരം. 31 ലക്ഷം ജനങ്ങളാണ് ഇവിടെ ഉള്ളതെന്നാണ് കണക്ക്. 185 ലൈഗിംകാതിക്രമ കേസുകളാണ് ഈ കാലയളവില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സമീപ കാലത്ത് രാജ്യം ചര്‍ച്ച ചെയ്ത പല കേസുകളും നടന്നത് ഉന്നാവിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അസോഹ, അജ്ഗൈന്‍, മാക്ഹി, ബംഗരാമു തുടങ്ങിയ പീഡന കേസുകള്‍ ഇക്കാലയളവിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മിക്ക കേസുകളിലെയും പ്രതികള്‍ ജയിലിലാണ്. നിരന്തരമായി ഉണ്ടാകുന്ന സംഭവങ്ങളില്‍ പൊലീസിനെയാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്. പ്രിയങ്ക ഗാന്ധിയടക്കമുള്ള പ്രമുഖ നേതാക്കളാണ് പൊലീസിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. സാക്ഷി മഹാരാജ് അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കെതിരെയും പീഡന ആരോപണങ്ങള്‍ നിലനിന്നിരുന്നു.
അതിക്രമങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംസ്ഥാനത്തുണ്ട്. ഉന്നാവില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതി ബി.ജെ.പിയുടെ എംഎല്‍എ ആണെന്നത് ഇതിന് ഉദാഹരമാണ്. ഒമ്പത് മാസത്തോളം യാതൊരു അന്വേഷണ പുരോഗതിയും ഇല്ലാതെയാണ് കേസ് മുന്നോട്ട് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കേസ് ചുമത്തിയാണ് ഇരയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നതെന്ന ആരോപണവും പൊലീസിനെതിരെ ഉയര്‍ന്നിരുന്നു.