ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാല്ലിയയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് എട്ട് പേര്‍ അറസ്റ്റില്‍. റേഷന്‍ കട അനുവദിക്കുന്നതിനായുള്ള ഉന്നതതല യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഒരാളെ വെടിവച്ച് കൊന്നു. ധീരേന്ദ്ര പ്രതാപ് സിങ് ആലിയാസ് ദബുവാണ് ജയ്‌പ്രകാശ് പാല്‍ ഏലിയാസ് ഗാമയെ കൊലപ്പെടുത്തിയത്. ദുര്‍ജാന്‍പൂര്‍ ഗ്രാമത്തിലെ പഞ്ചായത്ത് ഭവനില്‍ നടന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ബെയ്‌രിയ ജില്ലാ ഡെപ്യൂട്ടി ഓഫീസര്‍ പോളിംഗ് റദ്ദ് ചെയ്‌തിരുന്നു. സംഭവശേഷം ധീരേന്ദ്ര പ്രതാപ് സിങ്ങും കൂട്ടാളികളും രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കേസില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.
അതേസമയം ബെയ്‌രിയയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്, ധീരേന്ദ്ര പ്രതാപ് സിങ്ങിനെ ന്യായീകരിച്ചു. സ്വയം പ്രതിരോധത്തിനായാണ് വെടിവച്ചതെന്നും അല്ലെങ്കില്‍ ഇയാളുടെ കുടുംബവും കൂട്ടാളികളും കൊല്ലപ്പെട്ടേനെയെന്നും ബിജെപി എംഎല്‍എ പറഞ്ഞു. സ്വയം രക്ഷയ്‌ക്കായി ലൈസന്‍സുള്ള റിവോള്‍വര്‍ ധീരേന്ദ്ര പ്രതാപ് സിങ് ഉപയോഗിച്ചിരുന്നുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കേസില്‍ സിബി സിഐഡി അന്വേഷണം എംഎല്‍എ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഭരണകൂടം ന്യായമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേന്ദ്ര സിങ് പറഞ്ഞു.