ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 75 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ദില്ലി, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, എന്നിവയാണ് ഈ പത്ത് സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾ. കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും മഹാരാഷ്‌ട്രയാണ് ഒന്നാമത്. 24 മണിക്കൂറിനിടെ 21,000 കേസുകളും 479 മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.
യഥാക്രമം 7,000, 6000 കൊവിഡ് കേസുകൾ രേഖപ്പടുത്തിയ ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മരണ നിരക്കിൽ ഉത്തർപ്രദേശും പഞ്ചാബും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉത്തർപ്രദേശിൽ 87ഉം പഞ്ചാബിൽ 64ഉം പേരാണ് മരിച്ചത്. 9,66,382 സജീവ കേസുകളാണ് രാജ്യത്തിപ്പോൾ ഉള്ളത്. ആകെ രേഖപ്പടുത്തിയ കേസുകളുടെ 16.86 ശതമാനമാണിത്. രാജ്യത്ത് പരിശോധനാ സൗകര്യങ്ങൾ ഗണ്യമായി വൽദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 1,010 ലബോറട്ടറികളുണ്ട്. ഇതിൽ 1,082ഉം സർക്കാർ ലാബുകൾ ആണ്. ഇന്നലെ വരെ 6,74,36,031 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ആകെ രോഗ ബാധിതർ 57,32,518. ഇതുവരെ 91,149 പേർ രാജ്യത്ത് കൊവിഡ് മൂലം മരിച്ചു.