റാഞ്ചി: ജാർഖണ്ഡിൽ അഞ്ച് വയസുകാരി പട്ടിണി മൂലം മരിച്ചു. ലതെഹര്‍ ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ലോക്ക് ഡൗൺ മൂലം ഭക്ഷ്യവസ്‌തുക്കൾ ലഭിക്കാത്തതിനാൽ രണ്ട് ദിവസമായി കുട്ടിയും കുടുംബവും പട്ടിണിയിലായിരുന്നു. ലോക്ക് ഡൗൺ കാരണം ജോലികളൊന്നും ലഭിക്കുന്നില്ലെന്ന് കുട്ടിയുടെ പിതാവ് ജുഗ്‌ലാൽ ബുയാൻ പറഞ്ഞു.
ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അവശ്യസാധനങ്ങൾ ലഭിക്കുന്ന കടകളും അടച്ചു. രണ്ട് ദിവസമായി മുഴുപ്പട്ടിണിയിലാണ് കുടുംബമെന്ന് കുട്ടിയുടെ അമ്മ മാന്ദി പറഞ്ഞു. ഇവർക്ക് ഏഴ് കുട്ടികളുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ജോലിക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും കൂലിപ്പണിക്കാരനായ ജുഗ്‌ലാൽ പറഞ്ഞു. കുട്ടി മരിച്ചതറിഞ്ഞാണ് ജുഗ്‌ലാല്‍ വീട്ടിൽ തിരികെയെത്തിയത്.
മരിച്ച കുട്ടിയുടെ കുടുംബത്തിന്‍റെ അവസ്ഥ വളരെ ദയനീയമാണെന്നും നാളുകളായി ശരിയായ പോഷകാഹാരം ലഭിക്കാത്തതുമൂലമാണ് കുട്ടി മരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ ജ്യാന്ദ്രേജ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രസംഗങ്ങൾ മാത്രമാണ് നടത്തുന്നത്, നമ്മുടെ രാജ്യം ഇപ്പോഴും ഭക്ഷ്യക്ഷാമത്തിന്‍റെ പിടിയിൽ തന്നെയാണെന്നും അദ്ദേഹം അറിയിച്ചു. ബ്ലോക്ക് വികസന ഓഫീസർ എൻ.കെ റാം റേഷനും പണവും കുടുംബത്തിന് നൽകി. എന്നാൽ കുട്ടി മരിച്ചത് പട്ടിണി മൂലമല്ലെന്നും മറ്റെന്തോ അസുഖം ബാധിച്ചാണെന്നും എസ്‌ഡിഎം സാഗർ കുമാർ പറഞ്ഞു.