കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 38 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 541 ആയി ഉയർന്നു. രോഗ ബാധയേറ്റ് 18 പേർ മരിക്കുകയും 423 പേർ നിലവിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പേർ കൂടി കൊവിഡിൽ നിന്നും സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 105 ആണ്. സംസ്ഥാനത്ത് 57 പേർ മരിച്ചിട്ടുണ്ടെങ്കിലും അവയിൽ 39 എണ്ണവും മറ്റ് ഗുരുതര രോഗങ്ങളാൽ മരിച്ചതാണെന്നും 18 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടതെന്നും ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹ പറഞ്ഞു. പശ്ചിമ ബംഗാളിൽ എത്ര കൊവിഡ് മരണങ്ങൾ നടന്നുവെന്നതിൽ വ്യക്ത വരുത്താൻ വെള്ളിയാഴ്‌ച രൂപീകരിച്ച പാനലാണ് ഇതിൽ സ്ഥിരീകരണം നടത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 947 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. സംസ്ഥാനത്ത് നിന്നും ഇതുവരെ മൊത്തം 9,880 ആളുകളുടെ സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. 541 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തുവെന്ന് ബംഗാൾ സർക്കാർ അറിയിച്ചെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ഇവിടുത്തെ ആകെ കേസുകളുടെ എണ്ണം 571 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് രോഗികളുമായുണ്ടായ സമ്പർക്കം വഴി രണ്ട് ഗവൺമെന്‍റ് ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസ് കൊൽക്കത്ത (ഐ-എൻകെ) പറഞ്ഞു.