കർണ്ണാടക : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ച ശേഷം ഇരുപതോളം കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് കർണ്ണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. എക്സിറ്റ് പോൾ ഫലങ്ങളിൽ കർണ്ണാടകയിൽ ബിജെപിക്ക് ഇരുപത് മുതൽ ഇരുപത്തി മൂന്ന് സീറ്റുകൾ വരെ പ്രവചിച്ച സാഹചര്യത്തിലാണ് യെദ്യൂരപ്പയുടെ പ്രസ്താവന.
എക്സിറ്റ് പോൾ ഫലങ്ങളനുസരിച്ച് കർണ്ണാടകയിൽ ലഭിക്കുന്ന 22 സീറ്റുകൾ ബിജെപിക്ക് ആശ്വാസകരമായിരിക്കുമെന്നും ഇതോടെ കർണ്ണാടകയിലെ ജെഡിഎസ് - കോൺഗ്രസ്സ് സഖ്യം തകരുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ജെഡിഎസ് - കോൺഗ്രസ്സ് സഖ്യത്തിൽ കോൺഗ്രസ്സ് നോതാക്കൾക്ക് എതിർപ്പുകളുണ്ടെന്നും സഖ്യത്തിലൂടെ ഒന്നും നേടാനില്ലെന്നും ഇക്കാര്യങ്ങൾ ഹൈക്കമാന്‍റിനെ നേതാക്കൾ അറിയിച്ചതായും യെദ്യൂരപ്പ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്നും യെദ്യൂരപ്പ കൂച്ചിച്ചേർത്തു.