റായ്പൂര്‍: കൊവിഡും ലോക്ക് ഡൗണും മൂലം ബെംഗളൂരുവില്‍ കുടുങ്ങി കിടക്കുകയായിരുന്ന ഛത്തീസ്ഗഡ് സ്വദേശികളായ 179 അതിഥി തൊഴിലാളികളെ വിമാന മാര്‍ഗം വ്യാഴാഴ്ച റായ്പൂരിലെത്തിച്ചു. ബെംഗളൂരു നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയാണ് അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്തി ചേരാന്‍ വിമാന യാത്രക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയത്.
റായ്പൂരിലെത്തിയ തൊഴിലാളികളെ ബസ് മാര്‍ഗം ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി. നാട്ടിലെത്തിയ തൊഴിലാളികള്‍ യാത്രാ സൗകര്യം ഒരുക്കിയ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ എന്‍എല്‍യുവിനും, നല്‍സാറിനും നന്ദി അറിയിച്ചു. ഛത്തീസ്ഡഗ് സര്‍ക്കാരിന്‍റെ സഹായത്തോടെ തയ്യാറാക്കിയ അതിഥി തൊഴിലാളികളുടെ പട്ടിക ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ യാത്ര ഒരുക്കിയത്.
ആദ്യ വിമാനമാണ് ഇന്ന് റായ്പൂരിലെത്തിയത്. അതിഥി തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം നാളെ പുറപ്പെടും. ബെംഗളൂരുവില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് അതിഥി തൊഴിലാളികള്‍ യാത്ര തിരിച്ചത്. മടങ്ങിയെത്തിയ അതിഥികള്‍ക്ക് ആവശ്യമായ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരുക്കിയിരുന്നു.