ബീജാപ്പൂര്‍: 2012 ജൂണ്‍ 28ന് ഛത്തീസ്‌ഗഡില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട 17പേരും ഗ്രാമീണരെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് വിജയ് കുമാര്‍ അഗര്‍വാളിന്‍റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബീജാപ്പൂരിലെ സര്‍കേഗുഡ എന്ന പ്രദേശത്തായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ മാവോയിസ്റ്റ് സംഘത്തെയാണ് ആക്രമിച്ചത് എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാൻ സുരക്ഷാസേനക്ക് സാധിച്ചിട്ടില്ല. ഗ്രാമീണർക്ക് നേരെയുള്ള നടപടിക്ക് കാരണമായി സുരക്ഷാസേന നിരത്തിയ കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ഒക്ടോബർ 17 നാണ് ജസ്റ്റിസ് അഗർവാൾ റിപ്പോർട്ട് സമർപ്പിച്ചത്. ഗ്രാമീണരുടെ ഭാഗത്ത് നിന്ന് വെടിവയ്പ്പുണ്ടായതിനെ തുടർന്നാണ് തിരിച്ച് വെടിയുതിർത്തത് എന്നായിരുന്നു സുരക്ഷാ സേനയുടെ വാദം. എന്നാൽ അത്തരത്തിലൊരു ആക്രമണം നടന്നതിന്‍റെ തെളിവുകളൊന്നും ഹാജരാക്കാൻ സേനക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാറാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവ സ്ഥലത്ത് നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തിയെന്ന വാദവും റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. റിപ്പോര്‍ട്ടില്‍ തൃപ്തിയുണ്ടെന്ന് ഗ്രാമീണർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഇഷാ ഖണ്ഡേൽവാൾ അറയിച്ചു.