ലഖ്‌നൗ: ഉത്തർപ്രദേശിൽ 1.5 ലക്ഷത്തിലധികം എൻ.സി.ആർ.ടി സ്കൂൾ പുസ്തകങ്ങൾ പിടിച്ചെടുത്തു. മിലിട്ടറി ഇന്‍റലിജന്‍സ് (എം.ഐ), ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (യു.പി.എസ്.ടി.എഫ്), ലോക്കൽ പൊലീസ് എന്നിവരുടെ സംയുക്ത സംഘം നടത്തിയ റെയ്ഡിലാണ് പുസ്തകങ്ങൾ പിടിച്ചെടുത്തത്.
എൻ.സി.ആർ.ടിയുടെ അനധികൃതമായി അച്ചടിച്ച പുസ്‌തകങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഒന്നാം ക്ലാസ് മുതൽ ആരംഭിക്കുന്ന മിക്കവാറും എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങൾ റെയ്ഡിനിടെ കണ്ടെടുത്തു. 50 കോടിയിലധികം രൂപ വില വരുന്ന പുസ്തകങ്ങളാണ് കണ്ടെടുത്തത്. സ്കൂൾ പുസ്തകങ്ങൾ യു.പി, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സംശയം ഉണ്ടാകാതിരിക്കാൻ ബി.ജെ.പി പതാകയുള്ള വാഹനങ്ങളിലാണ് പുസ്തകങ്ങൾ മാറ്റിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.