ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് 19-ന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ ഫലപ്രദമാദമാണോ എന്ന് പരീക്ഷണം നടത്തി നിർമ്മാതാക്കളായ ഭാരത് ബയോടെക്. ഡെൽറ്റ വേരിയെന്‍റ് ഉൾപ്പെടെയുള്ള കൊറോണയുടെ മറ്റ് വകഭേദങ്ങൾക്കെതിരെ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതിനാൽ ഒമിക്രോണിനെതിരെ ഫലപ്രദമാവുമോ എന്ന് പരിശോധിക്കുന്നതായും ഭാരത് ബയോടെക് വ്യക്‌തമാക്കി.
'വുഹാനിൽ കണ്ടെത്തിയ കൊവിഡ് വേരിയെന്‍റിനെതിരെയാണ് കൊവാക്‌സിൻ വികസിപ്പിച്ചത്. എന്നാൽ ഡെൽറ്റ വേരിയെന്‍റ് ഉൾപ്പെടെയുള്ള വകഭേദങ്ങൾക്കെതിരെയും ഇതിന് പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ ഒമിക്രോണിനെതിരെ എത്രത്തോളം ഇവ ഫലപ്രദമാണെന്ന് പഠിച്ചു വരികയാണ്', ഭാരത് ബയോടെക് അധികൃതർ പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) പൂനെ എന്നിവയുമായി സഹകരിച്ചാണ് കൊവാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഡെൽറ്റ വേരിയന്‍റിനെതിരെ കൊവാക്‌സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണൽ നടത്തിയ പഠനത്തിൽ അണുബാധ തടയുന്നതിൽ ഇവ 50% ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Travel Bans On Southern Africa: ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തേണ്ട: ഇടപെട്ട് ലോകാരോഗ്യ സംഘടന
അതേസമയം കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ ജനിതക വകഭേദമായ ബോട്സ്വാന വേരിയെന്‍റായ (B.1.1.529) ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ലോക രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപ്പുർ, മൗറീഷ്യസ്, ബോട്സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാബ്‌വെ, ഹോങ്കോങ് എന്നീ 12 രാജ്യങ്ങളാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്.
യൂറോപ്യൻ യൂണിയനു പുറമേ, യുഎസ്, ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, മാലദ്വീപ്, ഇന്തൊനേഷ്യ, ന്യൂസീലൻഡ്, ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ദക്ഷിണാഫ്രിക്ക അടക്കം 6 തെക്കേ ആഫ്രിക്കൻ രാജ്യങ്ങൾക്കാണു യാത്രാവിലക്കുള്ളത്.