ലഖ്‌നൗ: രാജ്യത്ത് സെപ്‌റ്റംബർ 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കിസാൻ മഹാപഞ്ചായത്ത്. 15 സംസ്ഥാനങ്ങളിൽ നിന്നായി 300 കാർഷിക സംഘടനകളിൽ നിന്നുള്ളവരാണ് മുസഫർനഗറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിന്‍റെ ഭാഗമായത്.
ചുരുക്കം കർഷകരാണ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കേന്ദ്രസർക്കാരിനെ 'ചുരുക്കം' ആളുകളെ കാണിച്ചുകൊടുക്കണമെന്നും പാർലമെന്‍റിൽ ഇരിക്കുന്നവർക്ക് കേൾക്കുന്ന രീതിയിലേക്ക് നമ്മുടെ ശബ്‌ദമുയർത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കർഷകരുടെ മഹാപഞ്ചായത്തിന് ജാതിമതവർഗ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും പിന്തുണയുണ്ടെന്ന് കർഷക നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ പ്രതിഷേധ സ്വരമുയരും
മോദി, യോഗി സർക്കാരുകൾക്ക് കർഷകരുടെ ശക്തി കാണിച്ചുനൽകാൻ കിസാൻ മഹാപഞ്ചായത്തിലൂടെ സാധിച്ചുവെന്നും ഒമ്പത് മാസത്തിനിടയിൽ നടന്ന കർഷകരുടെ പ്രതിഷേധങ്ങളിൽ വെച്ച് വലിയ മഹാപഞ്ചായത്താണാണ് മുസഫർനഗറിൽ നടന്നതെന്നും കർഷക നേതാക്കൾ പറയുന്നു.
കർഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഉത്തർ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രതിഷേധം അറിയിച്ച് വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ പ്രതിഷേധം തുടരുമെന്നും കാർഷിക സംഘടനകൾ പറയുന്നു.
പ്രതിഷേധം സർക്കാർ എത്ര നാൾ കണ്ടില്ലെന്ന് നടിക്കുമെന്ന് രാകേഷ് ടിക്കായത്ത്
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് മുസഫർ നഗറിൽ എത്തിയതെന്നും എത്ര നാൾ സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുമെന്നും ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഇന്ത്യയുടെ ആസ്‌തികൾ കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണെന്നും അടുത്ത മഹാപഞ്ചായത്ത് ലഖ്‌നൗവിൽ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
രാഷ്‌ട്രീയ ലോക് ദൾ കൂടി മഹാപഞ്ചായത്തിൽ പങ്കെടുത്തതോടെ യോഗത്തിൽ രാഷ്‌ട്രീയ പാർട്ടി പങ്കാളിത്തവുമായി. അതേ സമയം യോഗത്തിൽ പൂക്കൾ വിതറാനുള്ള ആവശ്യം ജില്ല ഭരണകൂടം നിഷേധിച്ചു. ആർഎൽഡി പ്രസിഡന്‍റ് ജയന്ത് ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
READ MORE: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ യു.പിയില്‍ കിസാൻ മഹാപഞ്ചായത്ത്; അതീവ സുരക്ഷ