ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ശസ്‌ത്രക്രിയ മുടങ്ങാതിരിക്കാൻ റോഡിൽ കാറുപേക്ഷിച്ച് മൂന്ന് കിലോമീറ്റർ ഓടി ഡോക്‌ടർ. സർജാപൂരിലുള്ള മണിപാൽ ആശുപത്രിയിലെ ഉദരരോഗ വിദഗ്‌ധന്‍ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയിൽ കാറുപേക്ഷിച്ച് മൂന്ന് കിലോമീറ്റർ ദൂരം ഓടി ആശുപത്രിയിലെത്തിയത്. ഓഗസ്റ്റ് 30ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
പിത്താശയ ശസ്‌ത്രക്രിയ നടത്താന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി മൂന്ന് കിലോമീറ്റർ മാത്രമുള്ളപ്പോഴാണ് ഡോക്‌ടർ ഗോവിന്ദ് ട്രാഫിക്കിൽപ്പെടുന്നത്. സാധാരണ ഇവിടെ നിന്നും ആശുപത്രിയിലെത്താൻ 10 മിനിറ്റാണ് വേണ്ടത്. എന്നാൽ ഗതാഗതക്കുരുക്ക് മൂലം അന്ന് 45 മിനിറ്റ് വേണമെന്ന് ഗൂഗിൾ മാപ്പിൽ കാണിച്ചു.
പിന്നെ ഒന്നും ആലോചിക്കാതെ ഡോ. ഗോവിന്ദ് ഡ്രൈവറെ വാഹനമേല്‍പ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ നിശ്ചയിച്ച സമയത്ത് ആശുപത്രിയിലെത്തി ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്‌ടർക്ക് കഴിഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാൽ ഓട്ടം തനിക്ക് എളുപ്പമായിരുന്നുവെന്ന് ഡോ. ഗോവിന്ദ് നന്ദകുമാർ പറയുന്നു.