ബെംഗളൂരു (കർണാടക) : ബെംഗളൂരുവിലെ കടുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സ്റ്റോക്ക് ബിസിനസിലെ നഷ്‌ടമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ വീരാർജുന വിജയ് (31), ഭാര്യ ഹേമാവതി (29), രണ്ടര വയസും, എട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി മൃതദേഹങ്ങൾക്കൊപ്പം മൂന്ന് ദിവസം ചെലവഴിച്ച ശേഷം വീരാർജുന വിജയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കടുഗോഡി പൊലീസ് സ്റ്റേഷന് കീഴിലുള്ള സീഗെഹള്ളിയിലെ സായിഗാർഡൻ അപ്പാർട്ട്‌മെന്‍റിൽ വ്യാഴാഴ്‌ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആറ് വർഷം മുൻപാണ് ഇവർ തമ്മിൽ വിവാഹിതരായത്.
പൊലീസ് പറയുന്നതിങ്ങനെ : സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ വീരാർജുന വിജയ് കുണ്ടലഹള്ളിക്കടുത്തുള്ള ഒരു കമ്പനിയിൽ ടീം ലീഡറായി ജോലി ചെയ്‌ത് വരികയായിരുന്നു. കുറച്ച് വർഷങ്ങളായി ഇയാൾ ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നുണ്ടായിരുന്നു. ഇതിൽ വലിയ തോതിലുള്ള നഷ്‌ടമാണ് വീരാർജുന വിജയ്‌ക്ക് നേരിടേണ്ടി വന്നത്. ഇതിനിടെ ഇയാൾ എടുത്തിരുന്ന ലോണ്‍ അടവും മുടങ്ങി.
പണം തിരിച്ചടയ്‌ക്കാൻ കഴിയാതെ വന്നതോടെയാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്. വീരാർജുന വിജയ്‌യുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതിൽ ഓഹരി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതായും വലിയ നഷ്‌ടം സംഭവിച്ചതായും കണ്ടെത്താനായതായി പൊലീസ് അറിയിച്ചു.
ALSO READ : Suicide at Delhi Metro | ഡൽഹിയിൽ മെട്രോ ട്രെയിനിന് മുന്നിലേയ്‌ക്ക് ചാടി ആത്മഹത്യ, മരിച്ചത് ബിഹാർ സ്വദേശി
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സംശയം തോന്നിയ അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാല് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹേമാവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കിടപ്പ് മുറിയിൽ നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം : വീരാർജുന വിജയ്‌യുടെ മൃതദേഹവും കിടപ്പ് മുറിയിൽ തന്നെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഹേമാവതിയുടെ മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. ആദ്യം ഹേമാവതിയേയും, തുടർന്ന് കുട്ടികളേയും കൊലപ്പെടുത്തിയ ശേഷം വീരാർജുന വിജയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്‌തമായതായി പൊലീസ് അറിയിച്ചു.
ജൂലൈ 31ന് വീരാർജുന വിജയ് ഹേമാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഓഗസ്റ്റ് ഒന്നിന് രണ്ട് കുട്ടികളേയും കൊലപ്പെടുത്തി. തുടർന്ന് ഒരു ദിവസം മൃതദേഹങ്ങൾക്കൊപ്പം ചെലവഴിച്ച ഇയാൾ ഓഗസ്റ്റ് രണ്ടിന് ആത്മഹത്യ ചെയ്യുകയായിരുന്നു. നാല് മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടത്തി വെള്ളിയാഴ്‌ച മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല : ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ - 1056