കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടത്തില്‍ ബിർഭും, മുർഷിദാബാദ്, വടക്കൻ കൊൽക്കത്ത, മാൽഡ എന്നീ ജില്ലകളിലെ 35 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 283 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 8,493,255 വോട്ടമാരില്‍ 4,370,693 പുരുഷ വോട്ടര്‍മാരും 4,122,403 സ്‌ത്രീ വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ 159 പേര്‍ ട്രാന്‍സ്‌ടെന്‍ജര്‍മാരാണ്.
5,836 പോളിങ് സ്റ്റേഷനുകളിലായി 11,860 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 9,216 എണ്ണം പ്രധാന ബൂത്തുകളാണ്. കൊവിഡ് പശ്ചാത്തലത്തില്‍ 2,644 ബൂത്തുകള്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. 55.65 ശതമാനം ബൂത്തുകളിലും വെബ്‌കാസ്റ്റിങ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. 20 ശതമാനം ബൂത്തുകളിലും സൂക്ഷ്‌മ നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. 646 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷ ഒരുക്കുന്നതിനായി പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച സിതാല്‍കുച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പും ഇന്ന് നടത്താനാണ് തീരുമാനം. നാല് പേരാണ് സിതാല്‍കുച്ചിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചത്.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിശകലനം പ്രകാരം 19 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും 11 മണ്ഡലങ്ങളില്‍ ബിജെപിക്കും അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനുമാണ് സ്വാധീനം. മാര്‍ച്ച് 27നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്.