ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപിയുടെ സംഖ്യകക്ഷിയായ അപ്‌നാദളിന്‍റെ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. അടുത്തമാസം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനിടയിലാണ് ബിജെപിക്കേറ്റ ഈ തിരിച്ചടികള്‍.
ഷൊഹറാത്‌ഗഡ് എംഎല്‍എ ചൗദരി അമര്‍ സിങ്ങും, വിശ്വനാഥ് ഗഞ്ച് എംഎല്‍എ ആര്‍.കെ വര്‍മയുമാണ് അപ്‌നാദളില്‍ നിന്നും രാജിവച്ചത്. താന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് ചൗദരി അമര്‍ സിങ് വ്യക്‌തമാക്കി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് അമര്‍ സിങ് ആരോപിച്ചു.
രാജിക്ക് തുടക്കമിട്ടത് സ്വാമി പ്രസാദ് മൗര്യ
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തിരിച്ചടിക്ക് തുടക്കമിട്ടത് സ്വാമി പ്രസാദ് മൗര്യയുടെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്നുള്ള രാജിയാണ്. അതെദിവസം തന്നെ അദ്ദേഹത്തോട് അടുപ്പമുള്ള മൂന്ന് എംഎല്‍എമാര്‍ രാജിവച്ചു. ഈ കഴിഞ്ഞ ബുധനാഴ്‌ച യുപിയിലെ മറ്റൊരു മന്ത്രിയായ ദാര സിങ് ചൗഹാനും ബിജെപിയുടെ എംഎല്‍എയായ അവതാര്‍ സിങ് ബദാനയും രാജിവച്ചു. ബദാന സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു.
ഇന്നലെ യുപിയിലെ മറ്റൊരു മന്ത്രിയായ ദരം സിങ് സയിനിയും മൂന്ന് ബിജെപി എംഎല്‍എമാരും രാജിവച്ചിരുന്നു. രാജിവച്ച മൂന്ന് മന്ത്രിമാരും ഒബിസി വിഭാഗത്തില്‍പെട്ടവരാണ്. പിന്നാക്ക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി സംരക്ഷിച്ചില്ലെന്ന് മൂന്ന് പേരും ആരോപിച്ചു.
ബിജെപിയില്‍ നിന്ന് രാജിവച്ച എംഎല്‍എമാരില്‍ ഭൂരിഭാഗവും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുപിയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതിന് പ്രധാന പങ്ക്‌വഹിച്ചത് യാദവ ഇതര ഒബിസി വിഭാഗങ്ങളില്‍ നിന്നുകിട്ടിയ പിന്തുണയാണ്. അത്‌കൊണ്ടു തന്നെ ഒബിസി നേതാക്കളുടെ രാജി ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
ALSO READ:ഉന്നാവ് ബലാത്സംഗ ഇരയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും