റാഞ്ചി : ഭക്തിയും കൗതുകവും നിർമാണ ചാതുര്യവും ഒത്തുചേര്‍ന്നതാണ് ജാര്‍ഖണ്ഡിലെ ഗര്‍വയിലെ ബന്‍ഷീധര്‍ ക്ഷേത്രം. ജാര്‍ഖണ്ഡ്- യുപി അതിര്‍ത്തിയിലുള്ള നഗര്‍ ഉണ്ടാരിയിലാണ് അമ്പലം സ്ഥിതി ചെയ്യുന്നത്. നഗര്‍ ഉണ്ടാരി ബന്‍ഷീധര്‍ നഗര്‍ എന്നും അറിയപ്പെടും.
രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നതിനാല്‍ ബന്‍ഷീധര്‍ നഗറിനെ യോഗേശ്വര്‍ ഭൂമിയെന്നും മധുര വൃന്ദാവന്‍ എന്നും വിളിക്കുന്നു. ശ്രീകൃഷ്‌ണ വിഗ്രഹത്തിന് 2,500 കോടി രൂപ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.
1,280 കിലോഗ്രാം സ്വര്‍ണക്കട്ടിയില്‍ തീര്‍ത്ത ലോകത്തിലെ ആദ്യത്തെ വിഗ്രഹമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ശ്രീകൃഷ്‌ണ വിഗ്രഹത്തിന്‍റെ കണ്ണുകളുടെ രൂപ കല്‍പ്പന പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഏത് വശത്ത് നിന്ന് നോക്കിയാലും വിഗ്രഹം നിങ്ങളെ നോക്കുന്നത് പോലെ അനുഭവപ്പെടും. വിഗ്രഹം പ്രതിഷ്‌ഠിച്ചതിന് ശേഷമാണ് ഇവിടെ ക്ഷേത്രം പണിതത്.
ക്ഷേത്ര ഐതിഹ്യം : 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ശ്രീകൃഷ്‌ണ ഭക്തയായ ഉണ്ടാരി നഗരത്തിലെ രാജ്ഞി ശിവ്‌മണി കുനാറിന്‍റെ സ്വപ്‌നത്തില്‍ ശ്രീകൃഷ്‌ണന്‍റെ ഈ വിഗ്രഹം പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ മഹുഅരിയ പര്‍വതത്തില്‍ നിന്ന് പിന്നീട് ഈ വിഗ്രഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ആനപ്പുറത്ത് കയറ്റി വിഗ്രഹം കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു.
എന്നാല്‍ ആന കൊട്ടാരത്തിന് മുന്നില്‍ ഇരുന്നു. അങ്ങനെ കൊട്ടാരത്തിന്‍റെ കവാടത്തിന് പുറത്ത് വിഗ്രഹം പ്രതിഷ്‌ഠിച്ചു എന്നാണ് ഐതിഹ്യം. കാശിയില്‍ നിന്നും കൊണ്ടുവന്ന രാധയുടെ വിഗ്രഹം കൃഷ്‌ണന്‍റെ വിഗ്രഹത്തിനടുത്തായി സ്ഥാപിക്കുകയും ചെയ്‌തു. മുഗള്‍ കാലഘട്ടത്തില്‍ വിഗ്രഹം അടുത്തുള്ള പര്‍വതത്തില്‍ ഒളിപ്പിച്ചെന്നും കഥകളുണ്ട്.
ക്ഷേത്രത്തില്‍ എങ്ങനെ എത്താം : റാഞ്ചിയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെയാണ് ക്ഷേത്രം. ബന്‍ഷീധര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്ററാണ് ദൂരം. യുപിയിലെ വാരാണസിയില്‍ നിന്ന് ബന്‍ഷീധര്‍ നഗറിലേക്കുള്ള ദൂരം 180 കിലോമീറ്റര്‍ ആണ്. ബിഹാറിന്‍റെ തലസ്ഥാനമായ പറ്റ്നയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് 275 കിലോമീറ്ററാണ് ദൂരം.
ഓരോ വര്‍ഷവും ജന്‍മാഷ്‌ടമി ദിവസം ക്ഷേത്രത്തില്‍ വലിയ ആഘോഷങ്ങള്‍ നടക്കും. ഭഗവത് കഥയാണ് പ്രധാനമായി നടക്കുന്ന പരിപാടി.