ബല്ലിയ (ഉത്തർപ്രദേശ്): സ്ത്രീ സമ്മേളന പരിപാടിക്കിടെ അധ്യാപകന് വനിത പ്രിൻസിപ്പലിന്‍റെ മർദനം. പൊതുവേദിയില്‍ നടന്ന മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഉത്തർപ്രദേശിലെ ബല്ലിയ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ രഞ്ജന പാണ്ഡെയാണ് ദണ്ഡേപൂർ പ്രൈമറി സ്കൂളിലെ അസിസ്റ്റന്‍റ് ടീച്ചർ മാനവേന്ദ്ര സിങ്ങിനെ ചെരുപ്പ് കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്‌തത്.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പ്രിൻസിപ്പൽ രഞ്ജന പാണ്ഡെയെയും അധ്യാപകനെയും സസ്പെൻഡ് ചെയ്‌തു. മാർച്ച് 9ന് ചിൽകഹാറിലെ ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിൽ നടന്ന നാരി ചൗപാൽ (സ്ത്രീ സമ്മേളനം) എന്ന പരിപാടിക്കിടെയായിരുന്നു പ്രിൻസിപ്പൽ അധ്യാപകനെ മർദിച്ചത്. പരിപാടിക്കിടെ അവതാരകനായിരുന്ന അധ്യാപകനിൽ നിന്ന് പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങി സംസാരിക്കാൻ തുടങ്ങി.
ഇതിന്‍റെ പേരിൽ അധ്യാപകനും രഞ്ജന പാണ്ഡെയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രഞ്ജന പാണ്ഡെ അധ്യാപകനെ മർദിക്കുകയും ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. പ്രിൻസിപ്പലിന്‍റെ പ്രവൃത്തിയെ എതിർത്ത് നിരവധി അധ്യാപകർ രംഗത്തെത്തി.
എന്നാൽ അധ്യാപകരുടെ വാക്കുകേൾക്കാൻ തയാറാകാതെ പ്രിൻസിപ്പൽ മർദനം തുടർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ ഓഫീസർ (ബിഎസ്എ) ശിവനാരായണ സിങ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഓഫിസർമാരായ വന്ഷിധർ ശ്രീവാസ്തവ, അവദേശ് കുമാർ റായ്, ധർമേന്ദ്രകുമാർ എന്നിവരോട് ആവശ്യപ്പെട്ടു.
Also Read: 'മോദി അസാമാന്യ വീര്യമുള്ളയാള്‍': പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍