ബാലസോർ (ഒഡിഷ) : 292 പേരുടെ മരണത്തിനിടയാക്കിയ ബാലസോറിലെ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനീയർ ഒളിവിൽ പോയെന്ന വാർത്തകൾ തള്ളി സിബിഐ. റെയിൽവേ ജൂനിയർ എഞ്ചിനീയർ അമീർ ഖാനും കുടുംബവും ഒളിവിൽ പോയെന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്.
എന്നാൽ വാർത്തകൾ വ്യാജമാണെന്നും ഇയാളെ വാടക വീട്ടിലെത്തിച്ച് അന്വേഷണം ആരംഭിച്ചതായും സിബിഐ വ്യക്തമാക്കി. ഇയാളുടെ വാടക വീട് തിങ്കളാഴ്‌ച സിബിഐ സീൽ ചെയ്‌തിരുന്നു. തുടർന്ന് ഇന്ന് സിബിഐയുടെ ആറംഗ സംഘം അമീർ ഖാനെ സോറോയിലെ വാടക വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.
മാരകമായ അപകടത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പടെ കണ്ടെത്തുന്നതിനായാണ് സിബിഐ റെയിൽവേ ജൂനിയർ എഞ്ചിനീയറെ ഉൾപ്പടെ ചോദ്യം ചെയ്യുന്നത്. അതേസമയം ജൂണ്‍ 19ന് സിബിഐ സംഘം അപകടം നടന്ന സ്ഥലത്തെ അന്വേഷണം പൂർത്തിയാക്കി മടങ്ങിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 2 നുണ്ടായ ട്രെയിൻ അപകടത്തിന് ശേഷം ജൂനിയർ എഞ്ചിനീയറും കുടുംബവും വാടക വീട്ടിൽ നിന്ന് ഒളിവിൽ പോയെന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ ജീവനക്കാരിൽ ഒരാളെ കാണാതായെന്ന റിപ്പോർട്ടുകൾ സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ആദിത്യ കുമാർ ചൗധരി നിഷേധിച്ചു. ജീവനക്കാരെല്ലാം അന്വേഷണത്തിന് ഹാജരായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്തെ നടുക്കിയ ദുരന്തം : ജൂൺ രണ്ടിന് രാത്രിയോടെയാണ് രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം ഉണ്ടായത്. ബഹനാഗ ബസാർ പ്രദേശത്താണ് ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തെ തുടർന്ന് ബാലസോറിലെ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചിരുന്നു. ട്രെയിൻ അപകടം നടന്ന് 51 മണിക്കൂറിന് ശേഷമാണ് ഇവിടുത്തെ സർവീസ് പുനരാരംഭിക്കാനായത്.
തിരിച്ചറിയാനാകാതെ മൃതദേഹങ്ങൾ : അതേസമയം മരിച്ചവരിൽ 100ൽ അധികം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് മൃതദേഹങ്ങളുടെ മുഖമുള്‍പ്പടെ ശരീരത്തിൽ സാരമായ രീതിയിൽ രൂപമാറ്റം വന്നതോടെയാണ് ബന്ധുക്കള്‍ക്ക് പോലും ഇവ സ്ഥിരീകരിക്കാനാവാത്ത നില വന്നത്.
ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന ഉറ്റവരെ തേടി ബന്ധുക്കൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ഉൾപ്പടെ പരിശോധിക്കുന്ന വീഡിയോകളും ഏറെ നടുക്കത്തോടെയാണ് രാജ്യം കണ്ടത്. മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്തി മുന്നോട്ടുപോകാനാണ് നിലവില്‍ സര്‍ക്കാരിന്‍റെയും അധികൃതരുടെയും തീരുമാനം.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇത് കൂടാതെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.