ഹൈദരാബാദ് : ഗണേശോത്സവത്തിന് വിരാമമിട്ട് ഹൈദരാബാദിലെ ബാലാപൂരില്‍ നടന്ന ഗണേശ ലഡ്ഡു ഇത്തവണ ലേലം ചെയ്‌തത് റെക്കോഡ് തുകയ്‌ക്ക് (Balapur Laddu auction). 27 ലക്ഷം രൂപയ്‌ക്കാണ് ലഡ്ഡു ലേലം ചെയ്‌തത് (Laddu Auction Price). ഹൈദരാബാദ് തുർകയാൻജാലിലെ ദാസരി ദയാനന്ദ റെഡ്ഡിയാണ് ഇത്തവണ ലഡ്ഡു ലേലം വിളിച്ച് സ്വന്തമാക്കിയത്. 36 പേരാണ് ഈ ലേലത്തിൽ മത്സരിച്ചത്. ബാലാപൂർ ഉത്സവ സമിതി 1116 രൂപയ്ക്ക് ലേലം ആരംഭിച്ചു. മന്ത്രി സബിത ഇന്ദ്ര റെഡ്ഡി, മുൻ എംഎൽഎ തിഗല കൃഷ്ണ റെഡ്ഡി, തുടങ്ങി നിരവധി പ്രമുഖർ ലേല പരിപാടിയിൽ പങ്കെടുത്തു.
ഗണേശ് ലഡ്ഡു ലേലം ആരംഭിച്ചിട്ട് 28 വർഷമായി. ഹൈദരാബാദിൽ ഏറെ പ്രശസ്‌തമാണ് ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ബാലാപൂർ ലഡ്ഡു ലേലം വിളി (Ganesh Laddu auction). ലഡ്ഡു ലഭിക്കുന്നവർക്ക് ഐശ്വര്യം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഓരോ വർഷവും റെക്കോഡ് തുകയ്‌ക്കാണ് ലഡ്ഡു ലേലം ചെയ്യാറുള്ളത്. ഇത്തവണയും അത് തെറ്റിയില്ല. കഴിഞ്ഞ തവണ 24,60,000 രൂപയ്‌ക്കാണ് ലഡ്ഡു വിറ്റുപോയത്.
450 രൂപയിൽ നിന്ന് 27 ലക്ഷത്തിലേക്ക് (Previous Records): ബാലാപൂർ ലഡ്ഡു ലേലം ആരംഭിച്ചിട്ട് 28 വർഷമായി. 1994ൽ ലഡ്ഡു ലേലം ചെയ്‌തത് 450 രൂപയ്‌ക്കായിരുന്നു. 2001ൽ 1000 രൂപയ്‌ക്കാണ് ലഡ്ഡു വിറ്റത്. 2002ൽ 1,05,000 രൂപയ്‌ക്ക് കന്ദഡ മാദവ റെഡ്ഡി എന്നയാളാണ് ലഡ്ഡു ലേലം വിളിച്ചെടുത്തത്. അതിന് ശേഷം ഓരോ വർഷവും ഒരു ലക്ഷം വീതം ലഡ്ഡു ലേലം വിളിയിലെ തുക ഉയർന്നുവന്നു.
2007ൽ നാട്ടുകാരനായ രഘുനന്ദനാചാരി 4,15,000 രൂപയ്ക്ക് ലഡ്ഡു വാങ്ങി. 2015ൽ ബാലാപൂർ ലഡ്ഡു 10,32,000 രൂപയ്‌ക്കാണ് ലേലം വിളിച്ചത്. ഇത് റെക്കോർഡ് തുകയായിരുന്നു. 2016ൽ മേഡ്‌ചലിലെ സ്കൈലാബ് റെഡ്ഡി 14,65,000 രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കി.
2017ൽ 15,60,000 രൂപയ്ക്ക് നാഗം തിരുപ്പതി റെഡ്ഡി എന്നയാൾ ലഡ്ഡു സ്വന്തമാക്കി. 2018-ൽ 16,60,000 രൂപയ്‌ക്ക് തെരേതി ശ്രീനിവാസ് ഗുപ്‌തയാണ് ലഡ്ഡു ലേലം വിളിച്ചെടുത്തത്. 2019ൽ നടന്ന ലേലത്തിൽ 17,60,000 രൂപയ്ക്ക് കോലാന റാം റെഡ്ഡി ലഡ്ഡു സ്വന്തമാക്കി.
കൊവിഡിനെ തുടർന്ന് 2020ൽ ലേലം റദ്ദാക്കിയിരുന്നു. തുടർന്ന് ഉത്സവ സമിതി ലഡ്ഡു മുഖ്യമന്ത്രി കെസിആറിന് (Chief Minister KCR) കൈമാറുകയാണ് ചെയ്‌തത്. 2021 എപി എംഎൽസി രമേഷ് യാദവും നാദർഗുളിലെ മാരി ശശാങ്ക് റെഡ്ഡിയും ചേർന്ന് 18,90,000 രൂപയ്ക്ക് ബാലപൂർ ലഡ്ഡു ലേലം വിളിച്ചെടുത്തു. പ്രതിവർഷം രണ്ടോ മൂന്നോ ലക്ഷം വരെ വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലഡ്ഡുവിന് 2022ൽ അഞ്ച് ലക്ഷം രൂപ വർധനവോടെ റെക്കോഡ് തുകയാണ് ലഭിച്ചത്. അതായത് 18,90,000ൽ നിന്ന് 24,60,000 രൂപയായി തുക ഉയർന്നു. ബാലാപൂർ ഗണേശ ഘോഷയാത്രയ്ക്ക് ശേഷം ഗ്രാമത്തിലെ ബോദ്രായ് മെയിൻ സ്‌ക്വയറിലാണ് ലഡ്ഡു ലേലം നടക്കുക.
ലേലം കഴിഞ്ഞ് ബാലാപൂർ ഗണേശ ശോഭായാത്ര ആരംഭിച്ചു. പ്രത്യേക വാഹനത്തിലാണ് വിഘ്‌നേശ്വരനെ ഹുസൈൻ സാഗറിലേക്ക് കൊണ്ടുപോകുന്നത്. നിമജ്ജനത്തിനായി ബാലാപൂർ ഗണേശ ശോഭായാത്ര ചന്ദ്രയാനഗുട്ട, ഷാലിബന്ദ, ഫലക്‌നുമ, ചാർമിനാർ വഴി ഹുസൈൻസാഗറിലെത്തി നിമജ്ജനം നടത്തി.