അയോധ്യ: അയോധ്യ രാമ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പ്രതിഷ്‌ഠ ചടങ്ങുകൾ. പ്രതിഷ്‌ഠ ചടങ്ങുകൾക്ക് ശേഷം ഭക്തർക്കും വിശിഷ്‌ട വ്യക്തികൾക്കും പ്രസാദമായി നല്‍കാനുള്ള ലഡ്ഡു തയ്യാറാക്കുന്ന തിരക്കിലാണ് മധുരപലഹാര നിര്‍മ്മാതാക്കൾ.
45 ടൺ ലഡ്ഡു: ശുദ്ധമായ നെയ്യില്‍ ലഡ്ഡു തയാറാക്കണമെന്നാണ് മധുരപലഹാര നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പ്രതിഷ്‌ഠ ചടങ്ങുകൾക്കായി 45 ടൺ ലഡ്ഡുവാണ് തയ്യാറാക്കുന്നത്. വാരാണസി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് മധുരപലഹാര നിര്‍മ്മാണത്തിനായി അയോധ്യയിലെത്തിയിട്ടുള്ളത്. ദിവസേന 1200 കിലോ ലഡു ഉണ്ടാക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി പ്രമുഖരെയാണ് പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
എന്നാല്‍ ഇതൊരു ബിജെപി- ആര്‍എസ്എസ് പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ക്ഷണം നിരസിച്ചിട്ടുണ്ട്. ശൈശവ രൂപത്തിലുള്ള രാമനെയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഇതിനുള്ള യഞ്ജകര്‍മ്മങ്ങള്‍ ജനുവരി പതിനാറിന് ആരംഭിക്കും. 22നാണ് പ്രധാന പ്രതിഷ്ഠ ചടങ്ങ്. ഈ മാസം പതിനാല് മുതല്‍ 22വരെ അയോധ്യയില്‍ അമൃതമഹോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങിനെത്തുന്ന ഭക്തര്‍ക്കായി നിരവധി ടെന്‍റ് സിറ്റികള്‍ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഇവിടെ താത്ക്കാലിക താമസ സൗകര്യം ലഭിക്കും. ഇതിന് പുറമെ ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരം മുതല്‍ പതിനയ്യായിരം പേര്‍ക്ക് വരെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ശ്രീ രാമ ജന്മഭൂമി ട്രസ്റ്റ് വ്യക്തമാക്കി. സന്ദര്‍ശക ബാഹുല്യം കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടം സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
Also Read: റാമോജി ഫിലിം സിറ്റിയിൽ ശ്രീരാമ പാദ പൂജ; ചടങ്ങ് അയോധ്യ പ്രതിഷ്‌ഠ ദിനത്തോടനുബന്ധിച്ച്