ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ലഡാക്ക് മേഖലയിലെ ടാംഗോളില്‍ ഇന്ന് ഉച്ചയ്‌ക്ക് ശേഷമുണ്ടായ ഹിമപാതത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ബില്‍ക്കിസ് ബീ, ഖുല്‍സു ഫാത്തിമ എന്നിവരാണ് മരിച്ചത്. കൂടുതൽ ആളപായം സംഭവിച്ചുവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വിവരം ലഭിച്ചയുടൻ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി പ്രദേശത്ത് അടിഞ്ഞുകൂടിയ, വന്‍തോതിലുള്ള മഞ്ഞ് നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ മരിച്ച 23കാരിയുടേയും 11കാരിയുടേയും കുടുംബങ്ങൾക്ക് ജില്ല ഭരണകൂടം അടിയന്തര സഹായം നൽകുമെന്ന് കാർഗിൽ ഡെപ്യൂട്ടി കമ്മിഷണർ സന്തോഷ് സുഖ്ദേവ് ടെലിഫോണിലൂടെ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
അതേസമയം, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്‍റ് കൗൺസിൽ (എൽഎഎച്ച്‌ഡിസി) കാർഗിൽ സിഇഒ ഫിറോസ് ഖാൻ, അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. 'ടാംഗോളിൽ ഇന്നത്തെ ഹിമപാതത്തിൽ പൊലിഞ്ഞ രണ്ട് പേര്‍ക്ക് വേണ്ടി പ്രാർഥിക്കുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെടുക്കാനായി. ലഡാക്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും ബാസിജ്-ഇ-ബഖിയത്തുള്ള സംഘടനയുടെ സന്നദ്ധ പ്രവർത്തകരുടേയും പ്രയത്നങ്ങൾ വളരെയധികം സഹായിച്ചു'- അദ്ദേഹം ട്വീറ്റ് ചെയ്‌തു.