ന്യൂഡല്‍ഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനെത്തുടർന്ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് വർദ്ധിപ്പിച്ചു. ഇതോടെ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുതിച്ചുയര്‍ന്നു. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, രാജ്യത്തെ പ്രമുഖ മോർട്ട്ഗേജ് ലെൻഡർ എച്ച്ഡിഎഫ്സി ലിമിറ്റഡ് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകള്‍ ഇതിനകം പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
2023 സാമ്പത്തിക വർഷത്തില്‍ ജൂൺ 8 ലെ രണ്ടാം ദ്വിമാസ പണ നയ അവലോകനത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർത്തി 4.90 ശതമാനമാക്കി. റഷ്യ-യുക്രൈൻ യുദ്ധം മൂലം ലോക സാമ്പത്തിക ക്രമത്തില്‍ ഉണ്ടായ പ്രശ്നങ്ങളാണ് ആര്‍ബിഐയെ ഇത്തരത്തില്‍ ഒരു നീക്കത്തിലേക്ക് എത്തിച്ചത്. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനാണ് നടപടി.
സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് റിപ്പോ ലിങ്ക്ഡ് എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്ക് (ഇബിഎൽആർ) 2022 ജൂൺ 8 മുതൽ പലിശ നിരക്ക് 8.10 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായി ഉയർത്തി. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ആർഎൽഎൽആർ 6.90 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയർത്തി.
പൊതുമേഖലയിലെ മൂന്നാമത്തെ വലിയ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ആർഎൽഎൽആർ 7.40 ശതമാനമായി ഉയർത്തി. എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് ഭവന വായ്പകൾക്കായുള്ള റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് (ആർപിഎൽആർ) ഉയർത്തി. അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോണുകൾ (എആർഎച്ച്എൽ) 50 ബേസിസ് പോയിന്റും ഉയർത്തി. ജൂൺ 10, 2022 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ഒരു ലക്ഷം രൂപ 20 വര്‍ഷത്തേക്ക് കടമെടുത്തയാള്‍ 31 രൂപ കൂടുതല്‍ കൊടുക്കണം.
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആർബിഐയുടെ പണനയ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ്, അതിന്റെ ഇബിഎല്‍ആര്‍ 7.05 ശതമാനവും ക്രെഡിറ്റ് റിസ്ക് പ്രീമിയവും (സിആര്‍പി) പരിഷ്കരിച്ചിരുന്നു. ഇന്ത്യൻ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലോണ്‍ റേറ്റ് (ആർഎൽഎൽആർ) 7.70 ശതമാനമായും ബാങ്ക് ഓഫ് ഇന്ത്യ 7.75 ശതമാനമായും ഉയർത്തി.
ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് ജൂൺ 10 മുതൽ ആർഎൽഎൽആർ 7.75 ശതമാനമായി ഉയർത്തി. കാനറ ബാങ്ക് 2022 ജൂൺ 7 മുതൽ ഒരു വർഷത്തെ എംസിഎൽആർ 7.35 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയർത്തി.
Also Read: റഷ്യ യുക്രൈന്‍ യുദ്ധം: ലോകം സാമ്പത്തിക ദൂഷിത വലയത്തില്‍