കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2020 മെയ് 12 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കൊവിഡ് രോഗബാധ ശനിയാഴ്‌ച രേഖപ്പെടുത്തി. 3,614 പുതിയ കേസുകളാണുള്ളത്. 2020 മെയ് 12 ന് രാജ്യത്ത് 3,604 കേസുകളാണ് രേഖപ്പെടുത്തിയത്.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,29,87,875 ആയി. 89 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,15,803 ആയി. ആകെ കൊവിഡ് കേസുകളുടെ 0.09 ശതമാനം സജീവ കേസുകളാണ്. അതേസമയം രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 98.71 ശതമാനമായി മെച്ചപ്പെട്ടെന്നും മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ 1,660 കേസുകളുടെ കുറവ് സജീവ കേസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 4,24,31,513 ആയി ഉയർന്നു. മരണനിരക്ക് 1.2 ശതമാനമാണ്.
Also read:വരാനിരിക്കുന്നത് 'കനത്ത ചൂട്': ആറ് ജില്ലകളില്‍ 35 ഡിഗ്രി വരെ
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.52 ശതമാനവുമായി. ഇതുവരെ 77.77 കോടി കൊവിഡ് ടെസ്റ്റുകൾ നടത്തിയതിൽ 8,21,122 എണ്ണം 24 മണിക്കൂറിനുള്ളിൽ നടത്തിയവയാണ്. രാജ്യത്ത് വാക്സിൻ ഡോസുകളുടെ എണ്ണം 179.91 കോടി കവിഞ്ഞു.